Saturday, 20 July 2013

റമദാന്‍റെ സൌന്ദര്യം


മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥാവിഷ്കാരങ്ങള്‍ തേടുന്നതിനായി ഒരിക്കല്‍ കൂടി ഇതാ റമദാന്‍ വന്നെത്തിയിരിക്കുന്നു. പിന്നിട്ട കാതങ്ങളും കാഴ്ചകളും ഓര്‍ത്തെടുത്ത്, ജീവിതത്തിലെ പുതിയ അന്വേഷണത്തിന്‍റെ ആരംഭം റമദാനില്‍ കണ്ടെടുക്കാം. ഒരു നിയോഗം മാത്രമായി, ജീവിതത്തെ ഭൌതികമായി സമീപിച്ച്, വിജയപരാജയങ്ങള്‍ കണക്ക് തിരിച്ചുവെച്ച ശേഷം സ്വത്വത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യപ്പെടേണ്ട മാസം റമദാന്‍.
വ്യക്തിത്വത്തെ നിസ്സാരമാക്കാന്‍ പോന്ന പോരായ്മകളോട് രാജിയായിക്കൊണ്ട് കഴിഞ്ഞതൊന്നും ഓര്‍ക്കാതിരിക്കാനും ഓര്‍മ്മിപ്പിക്കാതിരിക്കാനും ഒരു പക്ഷേ മറ്റുള്ളവരെ കൂടി ആ രീതിയില്‍ സമാശ്വസിപ്പിക്കാനും നമുക്ക് കഴിഞ്ഞേക്കും. എന്നാല്‍, നമ്മള്‍ തന്നെയും വായിക്കാനിരിക്കുന്ന സ്വന്തം കര്‍മ്മപുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് കണ്ണീര്‍ മഷി കൊണ്ട് മാറ്റിയെഴുതാന്‍ പറ്റുന്ന കാലം റമദാന്‍. വാസ്തവത്തില്‍ പുസ്തകം പഠിക്കാതെ പരീക്ഷക്ക് പോകുന്ന കുട്ടികളാണ് മനുഷ്യര്‍. പുസ്തകത്തേക്കാള്‍ ചോറ്റുപാത്രമാണ് പ്രധാനമെന്ന് കരുതുന്ന പാവം കുട്ടികളോട് ജീവിതത്തില്‍ ആഹാരത്തിന്‍റെ സ്ഥാനമെന്താണെന്ന് റമദാന്‍ പറയുന്നു. ചുമലില്‍ ചങ്ങാതിയെപോലെ കൈവെച്ച് നടക്കുന്ന പിശാച്, ദൈവിക ബാന്ധങ്ങള്‍ കൊണ്ട് വരിഞ്ഞുമുറുക്കപ്പെടുമ്പോള്‍, അവന്‍ നമ്മുടെ എത്ര വലിയ ശത്രുവാണെന്നും നമ്മോടൊപ്പമുണ്ടായിട്ടും അല്ലാഹുവില്‍നിന്ന് എത്ര അകലെയാണ് നാമെന്നും വിശുദ്ധ റമദാന്‍ നമുക്ക് പറഞ്ഞുതരുന്നു. എന്താണ് റമദാന്‍റെ ദൈവികചൈതന്യം?
മനുഷ്യനായി, സന്മാര്‍ഗ്ഗത്തിന്‍റെ വാഗ്വരദാനം നല്‍കാന്‍ അല്ലാഹുവിന് ഇഷ്ടമായ മാസം. പിശാചിനെ കെട്ടിയിട്ട്, നരകം കൊട്ടിയടച്ച്, സ്വര്‍ഗ്ഗവാതിലുകള്‍ മനുഷ്യനായി തുറന്ന് വെച്ച് അല്ലാഹു കാത്തിരിക്കുന്ന മാസം. കാരുണ്യത്തിന്‍റെ മാലാഖകള്‍ ചിറകു വിടര്‍ത്തിപ്പറന്ന് വിരുന്നു വരുന്ന വസന്തമാസം. ബദറിലൂടെ, ഇസ്‌ലാംഅജയ്യമാണെന്ന് ശത്രുക്കളെ ബോധ്യപ്പെടുത്തിയ മാസം. സര്‍വ്വനാഥന്‍റെ ആലയമായ കഅ്ബ, പിശാചിന്‍റെ പ്രതിഷ്ഠാകേന്ദ്രമാവരുതെന്ന് കാണിച്ച്തന്ന മക്കാഫത്ഹിന്‍റെ മാസം. ഒരേയൊരു രാത്രിയുടെ കര്‍മ്മത്തെ ആയിരം മാസങ്ങള്‍ക്ക് സമാനപ്പെടുത്തിയ മാസം.
ജീവിതത്തില്‍ നിസ്സാരമായ വീഴ്ചകളും പരീക്ഷണങ്ങളും വരുമ്പോഴേക്ക് പടച്ചവനോട് പരിതപിക്കുന്നവനാണ് മനുഷ്യന്‍. എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ വാരിത്തന്ന അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നത്, ഹൃദയം തട്ടി അവനെത്തന്നെ വീണ്ടും വീണ്ടും വിളിച്ച് വിലപിച്ച് കൂടുതല്‍ പുണ്യപ്പെടാനാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യനോടുള്ള പാപമോചനത്തിന്‍റെ ദര്‍ശനം, റമദാന്‍ അവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. നോമ്പിന്‍റെ പരമമായ ലക്ഷ്യം ദൈവസാമീപ്യമാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ മനുഷ്യനാകട്ടെ, വ്യഥകളും വേദനകളും അവനെ തളര്‍ത്തുകയും ആത്മീയ ജീവിതത്തെ പറ്റി അവനെ അലസനാക്കുകയുമാണ് ചെയ്യുന്നത്. ആത്മീയ ജീവിതത്തിന്‍റെ ഓജസ്സില്‍നിന്ന് ഭൌതികമായ അന്വേഷണങ്ങള്‍ക്ക് വെളിച്ചം നല്‍കേണ്ടതിന് പകരം, ഭൌതികമായ പരാജയത്തിന്‍റെ കാറ്റുകള്‍ മനസ്സിന്‍റെ വിളക്കുകള്‍ കെടുത്തിവെച്ചിരിക്കുന്നു. അങ്ങനെ, ആരാധനകള്‍ പോലും പതിവുചടങ്ങുകള്‍ മാത്രമായി ഒതുങ്ങിപ്പോവുമ്പോള്‍, വിശ്വാസാനന്ദത്തിന്‍റെ വെളിച്ചം ജീവിതത്തിലേക്ക് പ്രസരിപ്പിക്കാന്‍ റമദാന്‍ ശ്രമിക്കുന്നു. റമദാന്‍ കടന്നുവരുമ്പോള്‍ സന്തോഷിക്കുന്ന മനസ്സിനുടമ സ്വര്‍ഗ്ഗപ്രവേശനത്തിന് അര്‍ഹനാണെന്ന് നബി (സ) പറയുന്നു.
നോമ്പുകാരന് രണ്ട് അനുഭൂതികളുണ്ടെന്ന് അവിടന്ന് പറഞ്ഞുതരുന്നു, ഒന്ന് നോമ്പിന്‍റെ പൂര്‍ത്തീകരണത്താലും രണ്ടാമത് പരലോകത്ത് മാത്രം സാധ്യമാവുന്ന ദൈവദര്‍ശനത്താലുമാണ് അത്. കര്‍മ്മത്തിന്‍റെ സമര്‍പ്പണവും അതിനാല്‍ മാത്രം സാധ്യമാവുന്ന ആത്മസാക്ഷാല്‍കാരവുമാണ് ഈ വാക്കില്‍ ഒതുക്കിവെച്ചിരിക്കുന്നത്. കലയും മതവും നല്‍കുന്ന ആനന്ദങ്ങളുടെ അടിസ്ഥാനപരമായ വൈവിധ്യത്തെ മനുഷ്യന്‍റെ എളിമയെ സ്വയം മനസ്സിലാക്കുന്നതോടെ, സ്വത്വസമര്‍പ്പണത്തിലൂടെ നോമ്പ് വേര്‍തിരിച്ചുതരുന്നു. തന്‍റെ ശരീരത്തിന്‍റെയോ കര്‍മ്മത്തിന്‍റെയോ ഗരിമയല്ല, ജഗന്നിയന്താവായ അല്ലാഹുവിന്‍റെ മുമ്പിലെ ചെറുപ്പമാണ് അത് ബോധ്യപ്പെടുത്തുന്നത്. കര്‍മ്മത്തിന്‍റെ മഹത്വം കൊണ്ടല്ല, അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ടാണ് ഒരാള്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതെന്ന് നബി പറയുന്നു. ഈ ഔദാര്യം തന്നെയാണ് നോമ്പിന്‍റെ ആദ്യത്തെ പത്തുദിനങ്ങളില്‍ നാം ആവര്‍ത്തിച്ച് ഇരന്ന് കൊണ്ടിരിക്കുന്നതും. മനുഷ്യന്‍റെ ദൈവികമായ അഭിവാഞ്ചയെ സ്രഷ്ടാവായ അല്ലാഹു കാരുണ്യം കൊണ്ട് പ്രതിനിധീകരിക്കുന്നതിനാലാണ് റമദാന് പുണ്യമേറുന്നത്. മനുഷ്യനോടുള്ള കാരുണ്യം റമദാനില്‍ അല്ലാഹു ഉദാത്തീകരിക്കുന്നതിനെപറ്റി നബി വിസ്തരിക്കുന്നു.
മനുഷ്യന്‍റെ സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം പതിന്മടങ്ങാക്കുകയാണ് റമദാന്‍. ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെയുള്ള പാപങ്ങളുടെ പരിഹാരമാണ് റമദാന്‍. റമദാനിലെ ഒരു ഉംറാകര്‍മ്മം പ്രവാചകനോടൊപ്പമുള്ള ഹജ്ജിനോളം പവിത്രം.
മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനാണെന്ന് ഇസ്‌ലാം വിശ്വസിക്കുന്നു. സാഹചര്യങ്ങളാണ് അവനെ മലിനപ്പെടുത്തുന്നത്. മനുഷ്യന്‍റെ മഹത്വത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ പാപങ്ങള്‍ ആന്തരികമായ കളങ്കപ്പാടുകള്‍ തീര്‍ക്കുന്നതായി നബി (സ) പറയുന്നു. ആദ്യത്തെ പാപം മനസ്സിന്‍റെ ഒരു കറുത്തപുള്ളിയായി, പിന്നെ പിന്നെ കറുത്തുകരുവാളിച്ച മനസ്സുള്ള ഈ മനുഷ്യന്‍, ശുദ്ധമായ മനസ്സോടെ വേണം നാളെ അല്ലാഹുവിനെ സമീപിക്കാന്‍. അങ്ങനെ സമീപിക്കുന്നവര്‍ക്കേ രക്ഷയുള്ളൂ എന്ന് ഖുര്‍ആന്‍ പറയുന്നു. റമാദന്‍ ആകട്ടെ, ഭാഷാര്‍ത്ഥത്തില്‍തന്നെ പാപങ്ങളെ കരിച്ചുകളയുന്ന മാസമാണ് താനും. കാരണം, വ്രതം പുണ്യങ്ങളുടെ കാര്യത്തില്‍ നിസ്തുലവും ബാഹ്യചേഷ്ടകളില്ലാത്തതും ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യതയുമാകുന്നു. അത് ശരീരത്തിന്‍റെ സംയമനവും മനസ്സിന്‍റെ സമര്‍പ്പണവുമാണ്. വ്രതം മോഹസംഹാരിയാണ്, പവിത്രമായ വൈകാരികതയെ പാതകമാക്കുന്നതിന് പരിഹാരമാണ്. അല്ലാഹുവിന് ഇഷ്ടപ്പെട്ട ആരാധനയാണ്. സ്വര്‍ഗ്ഗത്തിന്‍റെ വാതായനങ്ങളിലൊന്ന് നോമ്പ് കാരന് മാത്രമായി തുറന്ന് വെച്ചിരിക്കുന്നു അവന്‍. റമദാന്‍ കാരുണ്യത്തില്‍ തുടങ്ങി, പാപമോചനത്തിലൂടെ, നരകമോചനത്തില്‍ പര്യവസാനിക്കുന്നു. അത്രയുമാകുമ്പോഴേക്ക് മാനസാന്തരപ്പെടാത്തവന് തീരാനഷ്ടമെന്ന് നബി (സ) താക്കീത് നല്‍കുന്നു.
ശരിയാണ്, നോമ്പ് ആത്മീയമായ ഒരു പരിഷ്കാരവും നല്‍കാത്തവന്‍, ഖുര്‍ആന്‍ ഒരു തവണപോലും നിവര്‍ത്തിവായിക്കാത്തവന്‍, നിശായാമങ്ങളിലെ സൌകുമാര്യവചസ്സുകളുടെ ശ്രവണമാധുരി ഒരു ദിവസമെങ്കിലും അനുഭവിക്കാത്തവന്‍, ബദറിലെ മണല്‍തരികളുടെ സ്പന്ദിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാത്തവന്‍, വിജയങ്ങള്‍ മനുഷ്യനെ എത്രമേല്‍ വിനയാന്വിതനാക്കണമെന്ന മക്കാഫത്ഹിന്‍റെ സമൃതികള്‍ ഓര്‍മ്മിക്കാത്തവന്‍… അവന് ഇനി ഏത് അവസരമാണ് ജീവിതത്തില്‍ കൈവരാനുള്ളത്.
മതചടങ്ങുകള്‍ പൊതുവെ, മനുഷ്യനെ ദൈവവുമായി അന്വയിപ്പിക്കാന്‍ മാത്രമുള്ളതാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രകടനങ്ങള്‍ മാത്രമായിരിക്കും അത്. എന്നാല്‍, മിക്കപ്പോഴും ഇസ്‌ലാമിക കര്‍മ്മങ്ങള്‍ക്ക് വിശേഷിച്ചും വ്രതത്തിന്, മാനവികമായൊരു വശം കൂടിയുണ്ട്. ആയുരാരോഗ്യപ്രശ്നങ്ങളാല്‍ വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്കുള്ള പ്രതിവിധി സാധുജനങ്ങള്‍ക്ക് ആഹാരം നല്‍കുന്നതാണ്. നോമ്പിന്‍റെ അപാകതകള്‍ക്കുള്ള കര്‍മ്മശാസ്ത്രപരിഹാരവും അത് തന്നെ. വ്രതം ആഹാരത്തിന്‍റെയും വിശപ്പിന്‍റെയും വില മനസ്സിലാക്കിത്തരുന്നതോടൊപ്പംതന്നെ, നബിയുടെ നോമ്പുകാലത്തെ പ്രമാണങ്ങള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു, നബി ധര്‍മ്മിഷ്ഠനായിരുന്നു, അവിടുന്ന് ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നത് റമദാനിലായിരുന്നു. ഈ റമദാന്‍ ധര്‍മ്മനിഷ്ഠക്ക്, കാറ്റടിച്ച് വീശുമ്പോലെ എന്ന് ഉപമാലങ്കാരം ചാര്‍ത്തിയിരിക്കുന്നു ഹദീസ് സാഹിത്യം. കാറ്റ് പ്രകൃതിയുടെ ദാനമാണ്. അതിന് യാതൊരു വിവേചനവുമില്ല തന്നെ. അപ്പോള്‍ ജൈവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസപരവും മതപരവുമായ വിവേചനങ്ങളില്ലെന്ന് അവിടുന്ന് പഠിപ്പിക്കുന്നു. അതാണ് ഖുര്‍ആന്‍റെ ദര്‍ശനവും. നാളെ നാഥന് മുന്നില്‍ നില്‍ക്കുന്ന മനുഷ്യനുമായി അവന്‍ നടത്തുന്ന സംഭാഷണം നബി ഇങ്ങനെ വിവരിക്കുന്നു.
മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ എന്തേ നീ സന്ദര്‍ശിച്ചില്ല?
നാഥാ, നിന്നെ സന്ദര്‍ശിക്കുകയോ! നീ സര്‍വ്വലോക രക്ഷിതാവല്ലേ.
മനുഷ്യാ, ഇന്നയാള്‍ രോഗിയായപ്പോള്‍ നീ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവിടെ നിനക്കെന്നെ കാണാമായിരുന്നു.
മനുഷ്യാ, ഞാന്‍ ആഹാരം ചോദിച്ചിട്ടെന്തേ നീ തന്നില്ല?
നാഥാ, നിന്നെ എങ്ങനെ ഞാന്‍ ഊട്ടാന്‍! നീ ലോക രക്ഷിതാവല്ലേ
ഇന്നയാള്‍ ആഹാരം ചോദിച്ചപ്പോള്‍ നീ നല്‍കിയിരുന്നുവെങ്കില്‍ അത് ഞാന്‍ സ്വീകരിച്ചേനെ.
മനുഷ്യാ, ഞാന്‍ ദാഹജലം ചോദിച്ചിട്ടെന്തേ നീ നല്‍കിയില്ല!
നാഥാ, നിന്നെ എങ്ങനെ കുടിപ്പിക്കാന്‍! നീ ജഗന്നിയന്താവല്ലേ.
ഇന്നയാള്‍ വെള്ളം ചോദിച്ചപ്പോള്‍ നല്‍കിയിരുന്നുവെങ്കില്‍ അത് ഞാന്‍ സ്വീകരിച്ചേനെ.


For Further Reading,

0 comments:

Post a Comment

 

Popular Posts

Popular Posts On EAB

Man Behind This Blog